Friday, 13 April 2012

സ്കൂള്‍ അടച്ചു പൂട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?


മനുഷ്യനെ ചിന്തിക്കാതിരിക്കാന്‍ പഠിപ്പിക്കുന്നു എന്നുള്ളതാണ് ലോകം മുഴുവനുമുള്ള മിക്കവാറും എല്ലാ സ്കൂളുകളും ചെയ്യുന്നത്. മനുഷ്യന്‍ മൃഗത്തില്‍ നിന്നും വളര്‍ന്നു, പക്ഷെ എങ്ങും എത്തിയിട്ടുമില്ല. ഈ എങ്ങും എത്താതിരിക്കാനുള്ള പ്രധാന കാരണം നമുക്ക് കിട്ടുന്ന 'മികച്ച' സ്കൂള്‍ വിദ്യാഭ്യാസം തന്നെയാണ്. ഒരു പക്ഷെ എല്ലാവരും സ്വന്തന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരായിരിക്കണം പക്ഷെ വിദ്യാഭ്യാസം നമ്മെ ശരിക്കും ഒരു വഴിക്കാക്കുന്നുണ്ട്. കുറച്ചു പേര്‍ക്ക് പല കാലത്തും വിദ്യാഭ്യാസത്തില്‍ നിന്ന് രക്ഷപെടാനും പച്ചമനുഷ്യനെപ്പോലെ ചിന്തിക്കാനും കഴിഞ്ഞു. ചിന്തകള്‍ തുറന്നു പറഞ്ഞ ചിലരെ കൊന്നു കളഞ്ഞു മറ്റു ചിലരെ വിശുദ്ധരാക്കി, ചില്ല് കൂട്ടിനകത്താക്കി. രണ്ടായാലും ആ മനുഷ്യരെ പൊതു സമൂഹത്തില്‍ നിന്നകറ്റാന്‍ അതാത് കാലത്തെ മേലാളന്മാര്‍ക്ക് മിക്കവാറും സാധിച്ചിട്ടുണ്ട്. അല്ലെങ്കിലും നിലവിലുള്ള നശിച്ച ലോകത്തെ വീണ്ടും നിര്മിക്കാനാണല്ലോ വിദ്യാഭ്യാസം ഉള്ളത് തന്നെ. ഇപ്പോഴുള്ള വിദ്യാഭ്യാസരീതി ഇല്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആയിരം ഇരട്ടിയെങ്കിലും നല്ല ഒരു സമൂഹം നമുക്കുണ്ടായേനെ.

സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയാലുള്ള ബുദ്ധിമുട്ട് അത് അഭിപ്രായ വ്യത്യാസം ഉണ്ടാക്കുകയും, നമ്മോടും തന്നെയും പുറത്തെ സാഹചര്യങ്ങളുമായും കലഹിക്കാന്‍ തുടങ്ങും എന്നുള്ളതാണ്. പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനും വേണ്ട മാറ്റങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും തുടങ്ങും. രാജാക്കന്മാര്‍കും ഗോവെര്‍ന്മേന്റിനും മതസംഘങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരിക്കലും താല്പര്യം ഇല്ല താനും. സ്കൂളില്‍ ആദ്യദിവസം കുട്ടിക്ക് കിട്ടുന്ന അറിവ് തന്നെ അവനു അല്ലെങ്കില്‍ അവള്‍ക്കു കുറെ അധികം കാര്യങ്ങള്‍ അറിയില്ല എന്നതാണ്; കീഴടങ്ങളിന്റ്റെയും അനുസരിക്കാന്‍ മാത്രം പഠിപ്പിക്കുന്നതുമായ വിദ്യാഭ്യാസം അന്ന് തുടങ്ങുന്നു. നേരത്തെ പറഞ്ഞ അഭിപ്രായഭിന്നത അത് തെറ്റാണു, സമാധാനം നശിപ്പിക്കും അല്ലെങ്കില്‍ പാപം ആണ് എന്നതാണ് തുടര്‍പഠനം. എന്തൊക്കെയായാലും 15 വയസാകുമ്പോഴെക്കുംരാജാവിനോ ഗോവെര്‍ന്മേന്റിണോ മതസംഘങ്ങള്‍ക്കോ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഒരുത്തനെയോ ഒരുത്തിയേയോ ഉണ്ടാക്കിയെടുത്തിരിക്കും. ആ 'ഒരുത്തിയുടെ' കാര്യം പറയുകയേ വേണ്ട, അവള്‍ ഒരു പരുവം ആയിട്ടുണ്ടാകും. പെണ്ണിന്റെ ഒരു പ്രവര്‍ത്തിയും ആണുങ്ങളുടെ അരിപ്പ വഴിയല്ലാതെ പുറത്തേക്കു പോകില്ല. (വല്ല കാറോ സ്കൂട്ടറോ ഓടിക്കാന്‍ കൊടുത്തു അവള്‍ക്കു ഭയങ്കര സ്വാതന്ത്ര്യം കൊടുക്കുന്നെണ്ടുന്നു ഗീര്‍വാണം മുഴക്കുന്നവരും കുറവല്ല)

ഫിലോസഫി എന്ന് പറയുന്ന ഒരു വിഷയം ഡിഗ്രിക്കും മാസ്റ്റര്‍ ഡിഗ്രീക്കുമൊക്കെ കുറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് കേട്ടാല്‍ പേടി വരും. സത്യത്തില്‍ അത് നമുക്ക് സ്കൂളില്‍ നിന്ന് നഷ്ടപെട്ട ചിന്താശേഷി മാത്രമാണ്. അതായതു വെറും സാമന്യ ബുദ്ധിയുപയോഗിച്ച് ഒരു പൊട്ടത്തരത്തിനും വഴങ്ങാതെ നേരെ ചിന്തിക്കാന്‍ പറയുന്ന പരിപാടി.ആരെങ്കിലും നേരെ സത്യം വിളിച്ചു പറഞ്ഞാല്‍, " അവന്‍ പണ്ടാര ഫിലോസഫി പറയുന്നെന്നു" പറയാന്‍ നമുക്ക് വളരെ എളുപ്പമാണ്, നാമെല്ലാവരും അത് തന്നെയാണ് ചെയ്തു പോരുന്നതും. ഹാര്‍വാര്‍ഡിലും ഓക്സ്ഫോര്‍ഡിലും പോയി പഠിച്ചു വരുന്നവര്‍ 32 രൂപയുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തു സുഖമായി ജീവിക്കാം എന്ന് പറയുമ്പോള്‍ നമൂക്കു ഒന്നും തോന്നാത്തതും തോന്നിയാല്‍ തന്നെ ഒന്നും ചെയ്യാന്‍ പറ്റാത്തതും അത് കൊണ്ട് തന്നെയാണ്.

ഇപ്പോഴും പലരും പലതും വിളിച്ചു പറയുന്നുണ്ട്. ഒന്നില്ലെങ്കില്‍ നമുക്ക് മനസിലാകുന്നില്ല അല്ലെങ്കില്‍ മനസ്സിലായിട്ടും ഒന്നും ചെയ്യുന്നില്ല. നമ്മെ അങ്ങനെയാണ് പഠിപ്പിച്ചു വിട്ടിരിക്കുന്നത് എളുപ്പത്തില്‍ ഒന്നും അത് മാറില്ല ചിലപ്പോള്‍ ഒരിക്കലും മാറില്ല. പഠിക്കാതിരുന്നാല്‍ വളരെ നന്നായിരുന്നു. ഈ പഠനം ഒരു ചത്ത സമൂഹത്തെ അല്ലെ ഉണ്ടാക്കുന്നത്. സ്കൂള്‍ അടച്ചു പൂട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ? ചിലപ്പോ അങ്ങ് നന്നായി പോയാലോ?


No comments:

Post a Comment